Sunday, July 29, 2012

കൊറിയർ



രക്ഷപ്പെടാൻ
ഒരൊറ്റപ്പഴുതേയുള്ളൂ,
ഒരു താക്കൊൽ ദ്വാരം
തുറന്ന് പുറത്തേക്കോടാനല്ല
പൂട്ടി അകത്തിരിക്കുന്നതാണ് സുഖം.
പെണ്ണേ,
നീയെനിക്കുവേണ്ടി പാടൂ
നിന്റെ നേർത്ത വസ്ത്രങ്ങളഴിച്ചുകളയൂ
നിന്റെ നൃത്തത്തിൽ
എന്റെ ചിത്തം ഭ്രമിക്കട്ടെ
നിന്റെ രക്തം തരൂ
ഈ രാത്രി ലഹരിയുടേതാണ്
പെണ്ണേ..
സ്വർഗ്ഗീയ സുഖങ്ങളത്രയും
ക്ഷണികമായൊരു മടുപ്പിലവസാനിക്കുന്നുവല്ലൊ
നിന്നേയും
എനിക്കിന്നത്തേക്ക് മടുത്തിരിക്കുന്നു.
എൻകിലും ഞാനുണ്ടാവും
നാളെയും
പരസ്യങ്ങൾ കഴിഞ്ഞ് നീയെത്തുമ്പോൾ
ഇതേ ചാനലിൽ തന്നെ.
പെണ്ണേ..
നാളത്തെ രാത്രിയും നിന്റേതാവാം.
മോഹങ്ങൾ അനാദികാലത്തേതെൻകിൽ
മോഹഭംഗങ്ങൾ നിമിഷാർധങ്ങളുടേതാണ്
മോഹങ്ങൾ
മോഹാ-
ലസ്യങ്ങൾ
നഷ്ടങ്ങൾ
നഷ്ടപ്പെടുത്തലുകൾ
മുറ്റം
മുലപ്പാല്
കളി-
ക്കോപ്പ്... എനിക്കൊന്നു കരയണമല്ലോ
അതാരുടെ അമ്മയാണ്?
ആരോടാണവര് ഇത്ര ക്ഷോഭിക്കുന്നത്?
എന്തിനാണവര് വിങ്ങിപ്പൊട്ടുന്നത്?
തള്ളേ, നിർത്തൂ മടുക്കുന്നു
ഞാൻ നിങ്ങൾക്കു വേണ്ടി
കരയുന്നത് കണ്ടില്ലേ..
ചിരിക്കുവാനാണ് ഏറ്റവും പ്രയാസം
ആരാണ്
ഇന്നത്തെ ചിരി സ്പോൺസർ ചെയ്യുന്നത്?
ആരാണെനിക്കായിന്ന്
താമരക്കരതലങ്ങൾകൊണ്ട്
ഗിത്താർ വായിക്കുന്നത്
ആരാണിന്ന് സ്വപ്നത്തിൽ വന്നെന്നെ
ഇക്കിളിയിടുന്നത്?

രക്ഷപ്പെടുവാൻ
ഒറ്റപ്പഴുതേയുള്ളൂ
ഒരു താക്കോൽ ദ്വാരം
ഇത് ആ താക്കോലാണ്
സുഹൃത്തേ, നിനക്കുള്ള കൊറിയറാണ്
എനിക്ക് വയ്യ
ചാവുമ്പൊ ഇതിനകത്ത് കിടന്ന്
പുഴുത്തു നാറാൻ,
ഒരടിമണ്ണിൽ
കുത്തനെ നിർത്തിയിട്ടെൻകിലും
നീയെന്നെ
പച്ച മണ്ണിൽ തന്നെയടക്കണേ..

2 comments:

  1. സ്വർഗ്ഗീയ സുഖങ്ങളത്രയും
    ക്ഷണികമായൊരു മടുപ്പിലവസാനിക്കുന്നുവല്ലൊ
    നിന്നേയും
    എനിക്കിന്നത്തേക്ക് മടുത്തിരിക്കുന്നു.
    എൻകിലും ഞാനുണ്ടാവും
    നാളെയും

    ReplyDelete
  2. ഒരടിമണ്ണിൽ
    കുത്തനെ നിർത്തിയിട്ടെൻകിലും
    നീയെന്നെ
    പച്ച മണ്ണിൽ തന്നെയടക്കണേ..
    അമ്പ് കൊണ്ടിരിക്കുന്നു :)

    ReplyDelete

തിരിച്ച്‌ എയ്‌ത അമ്പുകൾ