Sunday, October 20, 2013

മാന്ദ്യകാലത്തെ പ്രണയം

നാണം

നാണം മറയ്കാൻ എനിക്കന്ന്
ഒരു കീറിയ കോണകം മാത്രമാണുണ്ടായിരുന്നത്
ഒടുവിൽ,
അതുകൊണ്ട് മുഖം മറച്ചിട്ട് ഞാൻ
തെരുവിലൂടെ നടന്നുപോയി

മാനം

മാനം മീതെ
ഭൂമി താഴെ
ഏറെ വിശന്നപ്പോൾ പിന്നെ
ഭൂമി മീതെ
മാനം താഴെ

കാമം

വിശപ്പിനെ മാത്രം സ്മരിച്ചുകൊണ്ട്
അപരനു കിടന്നുകൊടുത്ത വേശ്യ
രസമുകുളങ്ങളിലെ രുചിമൂർച്ഛകളിലേക്കുയർത്തപ്പെട്ടു
അവളെ ചുംബിച്ചുണർത്തി
വസ്ത്രങ്ങൾ ധരിച്ച്,അവസാനം
പോക്കറ്റിലൊന്നുമില്ലാതെ നിന്നവനെ
ചെരുപ്പൂരിയടിച്ചപ്പോൾ തെറിച്ചുവീണ
ഒരു പല്ല് ഉറുമ്പെടുക്കുമ്പൊളാണ്‌
ഞാനങ്ങോട്ട് കയറിച്ചെല്ലുന്നത്
അവളുടെ കണ്ണുകളിൽ
നിറഞ്ഞു തുളുമ്പിയ വിശപ്പിനെ
ഞങ്ങൽ പങ്കിട്ടെടുത്തു.
പിന്നെ,
ഒരു പല്ലുകൂടി ഉറുമ്പെടുത്തു.

പ്രണയം

എന്നെ തിരസ്കരിച്ച
ഭക്ഷണശാലയുടെ അകത്താണ്‌
ഞാനവളെ ആദ്യമായി കാണുന്നത്
പിങ്ക് നിറത്തിൽ നിറയെ
വരകളും പൂക്കളുമുള്ള ഒരു കേക്ക്
അവൾ പാതി കടിച്ചിരുന്നു.
തേൻപോലെ ചുവന്നതെന്തോ
ഹൃദയത്തിൽ നിന്നെന്നപോലെ
ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
സത്യം,
കേക്കിനെയല്ലാതെ അവളെ
ഒന്നു നോക്കുവാൻ പോലും കഴിയുമായിരുന്നില്ല.

No comments:

Post a Comment

തിരിച്ച്‌ എയ്‌ത അമ്പുകൾ