Wednesday, July 6, 2016

മ്യൂട്ടേഷൻ

കാലാന്തരത്തിൽ,
അപകടം ശ്വസിക്കുമ്പോൾ
നിതംബവും യോനിയും
മുലകളും ഉൾവലിക്കുന്ന
ആമപോലൊരു ജീവിയായേക്കും
പെണ്ണ്


ചാൾസ് ഗ്രേനറും വെള്ളരിപ്രാവും

ഒറ്റക്കണ്ണിലൂടെ ഒരു തോക്ക്
ഇരയെ തുറിച്ച് നൊക്കുന്നു
ഒരു പട്ടാളം തയ്യാറായി നില്ക്കുന്നു
വരിതെറ്റുന്നവർക്കിന്ന് അന്നമില്ലെന്ന്
പതിവുപോലെ ക്യാപ്റ്റൻ പ്രഖ്യാപിക്കുന്നു.
ശ്രവണപരിധിക്കപ്പുറത്തെ
ശബ്ദഘോഷങ്ങളോടെ
അവർ മാർച്ച് ചെയ്തു പോകുന്നു.

ഒരു പെണ്ണ്
തുണിയില്ലാതെ കിടക്കുന്നു.
ഒറ്റക്കണ്ണിലൂടെ ഒരു തോക്ക്
അവളെ രസിച്ച് നോക്കുന്നു.
"ഞാൻ നിങ്ങൾക്കെഴുതട്ടെ?"
അവൾ അവന്റെ കാതിൽ മന്ദ്രിച്ചു
അധരങ്ങൾ കൊണ്ട് അധരങ്ങളിൽ
അവൻ സമ്മതം നൽ‌കി.
"നിന്റെ പേരെന്താ?"
അവൾ ചോദിച്ചു
"ചാൾസ് ഗ്രേനർ"
അവൻ പറഞ്ഞു.
ചാൾസ് ഗ്രേനർ....
ചാൾസ് ഗ്രേനർ....
അവൾ അവന്റെ പേർ
ഉരുവിട്ടുറപ്പിക്കുന്നു.


നിക്സാവു റ്റോമ
കൂരയ്കു പുറത്ത്
കുന്തിച്ചിരുന്ന്
കൂരമ്പുകളിൽ വിഷപ്പച്ചില പുരട്ടി.
പെമ്പെറെന്നോത്തി,
അരണിക്കോലു കടയാത്ത അടുപ്പിൽ
ആഫ്രിക്കൻ വെയിൽ‌ച്ചീളും
വറുതിയും കനവും
കണ്ണീരുപ്പിട്ട് വേവിച്ചെടുക്കവെ
ഇളയകുഞ്ഞ്
തള്ളയുടെ മുലയിൽ ചപ്പിവലിച്ച്
ഭൂമിയുടെ അടിത്തട്ടിലെവിടെയൊ
ഉറങ്ങിപ്പൊയ ഒരു കുഞ്ഞുറവയെ
കളിക്കാൻ വിളിച്ചു.
മാറിൽ നിന്നവൾ
ചെക്കന്റെ മോന്ത പറിച്ചെടുത്തു.
ചെക്കനുറക്കെ കാറുമ്പൊ
പെമ്പെറന്നോത്തീടെ
മിഴിയിലെ തീയമ്പുകൊണ്ട്
നിക്സാവു റ്റോമ
വാരിക്കുന്തവും കൂരമ്പുകളുമായി
കാട്ടരുവികൾ തേടി
നടന്നകന്നു.


പ്രണയലേഖനവുമായൊരു വെള്ളരിപ്രാവ്
പിറ്റ്സ്ബർഗ്ഗിൽ നിന്നും,അകലെ
ബാഗ്ദാദിലേക്ക് പറക്കവെ
ബോട്സ്വാനയിലെ ഒരരുവിക്കരയിൽ
വിശ്രമിക്കാനിറങ്ങുന്നു.
അവളുടെ
പൊഴിഞ്ഞുവീണ തൂവലിൽ തുഴഞ്ഞ്
മരുവിലും പ്രളയം കണ്ട ഒരു കടിയനുറുമ്പ്
മറുകര പറ്റുന്നു.


ഒറ്റക്കണ്ണിലൂടെ വിശപ്പ്
ഇരയെ തുറിച്ച് നോക്കുന്നു
സീൽ‌ക്കാരത്തോടെ ഒരു മൌനം
ചീറിപ്പാഞ്ഞു പോകുന്നു.
വരിതെറ്റി,അന്നം മുടങ്ങിയ
കടിയനുറുമ്പ്
നിക്സാവു റ്റോമയുടെ
കറുത്തുമെല്ലിച്ച കണൻകാലിൽ
അരിശം തീർക്കവെ
മുറിവേറ്റ വെള്ളരിപ്രാവ്
അരുവിക്കരയിലേതോ
മാളത്തിലൊളിച്ചു
അവളെ തിരഞ്ഞു തിരഞ്ഞ്
തളർന്ന്
നിക്സാവു റ്റോമ
പെമ്പെറന്നോത്തിയുടെ
മിഴിയമ്പിൽ ചെന്നു തറച്ചു.
വെയിൽ‌ച്ചീളു വെന്തുടഞ്ഞുപോയ
അടുപ്പിലേക്ക്
വില്ലൊടിച്ചെറിഞ്ഞു.

ശ്രവണപരിധിക്കപ്പുറത്തെ
ശബ്ദഘോഷങ്ങളോടെ
ഒരു പട്ടാളം മാർച്ച് ചെയ്തു വരുന്നു
അരുവിക്കരയിലെ മാളത്തിലേക്ക്
ഇരച്ച്
അരിച്ച് കേറുന്നു
തൂവലുകൾക്കിടയിലൂടെ
ചിറകിന്നടിയിലൂടെ
കൊക്കിലുടഞ്ഞ
മൌനത്തെ തൊടാതെ
ഇറച്ചിയിൽ,
ഇറച്ചിയിൽ മാത്രം
അവർ ഇരതേടി.
ചാൾസ് ഗ്രേനർ‌ക്കെഴുതിയ
രക്തം നനഞ്ഞ
അനശ്വര പ്രണയഗീതികളുമായി
വലിയ പട്ടാളം
നിരതെറ്റാതെ
ബാഗ്ദാദിലേക്ക് മാർച്ച് ചെയ്തു പോയി.


Friday, February 20, 2015

സംഘടിത പാഠങ്ങൾ

കുട്ടികളേ..
ഓ..
പാഠം ഒന്ന്. പാമ്പ്
ചിറകുമുളയ്കാത്ത ഒരു കിളിയാണ്‌
പാമ്പ്
എന്താണ്‌?
കിളിയാണ്‌ പാമ്പ്
അതെ
കാലില്ലാത്തതുകൊണ്ടാണത്
ഇഴഞ്ഞുപോകുന്നത്.
ചിറകില്ലാത്ത കാലില്ലാത്ത കിളി
ഇഴഞ്ഞുപോകില്ലെ...
അതുതന്നെ.
പാഠം രണ്ട്. കിളി.
ചിറകുമുളച്ച
ഒരു പാമ്പാണ്‌ കിളി.
എന്താണ്‌?
പാമ്പാണ്‌ കിളി.
അതെ.
കാലും കൊക്കുമുള്ളതുകൊണ്ടാണ്‌
അത് ഇടയ്കിടെ
തത്തിത്തത്തി നടന്ന്
കൊത്തിപ്പെറുക്കുന്നത്.
ചിറകുണ്ടായിരുന്നെങ്കിൽ പാമ്പ്
പറന്നു പോകില്ലെ..
അതുതന്നെ.
അപ്പൊ മീനോ?
(കണ്ണുരുട്ടിക്കൊണ്ട്)
പാഠം മൂന്ന്.സാത്താൻ
ഉത്തരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നവൻ
സാത്താനാകുന്നു.
ചോദ്യങ്ങളില്ലാതെ ഉത്തരങ്ങൾ നല്കുന്നവൻ
ദൈവവും.
അപ്പൊ മനുഷ്യനോ?
(ജയം ഉറപ്പിച്ചവന്റെ ക്ഷമയോടെ)
ശരിയുത്തരം പറഞ്ഞാലും
തെറ്റുത്തരം പറഞ്ഞാലും
ഒരിക്കലും
സത്യം പറയാത്തവൻ.
മനസിലായില്ലേ?
ഇല്ല.
നിന്നെ ഉണ്ടാക്കിയത് ആരാ?
അച്ഛനുമമ്മേം.
അവരെ ഉണ്ടാക്കിയതോ?
അപ്പൂപ്പനും അമ്മൂമ്മേം
അവരുടെ അങ്ങേയറ്റത്തെ
അപ്പൂപ്പനേം അമ്മൂമ്മേം ഉണ്ടാക്കിയതോ
(അഞ്ചുനിമിഷം നീണ്ട നിശബ്ദ്ത)
ദൈവം തമ്പ്‌രാൻ..
അപ്പോ ശെരിക്കും നിന്നെ ഉണ്ടാക്കിയതാരാ?
ദൈവം തമ്പ്‌രാൻ..
അത്രതന്നെ.നീ മനുഷ്യൻ.
മണിമുഴങ്ങുന്നു
കൂറേ മനുഷ്യക്കുഞ്ഞുങ്ങൾ മുറ്റത്ത്
തൊട്ടുകളിക്കാനോടുന്നു.
ഒരു ചെകുത്താൻ കുഞ്ഞ്
അരളിച്ചോട്ടിൽ മീനുകളെ സ്വപ്നം കാണുന്നു
ദൈവം വിശ്രമ മുറിയിലിരുന്ന്
അവനെ തുറിച്ച് നോക്കുന്നു