Tuesday, December 22, 2009

പുഴു

എത്രയായ്‌ മുറിക്കാം
ഒരു ഹൃദയം?
എത്രയായ്‌ പകുത്തുവയ്ക്കാം
ഒരു തീയാളൽ?
മരണം വരെ
വെയിൽച്ചിറകുകൾ കുഴഞ്ഞ്‌
ഇനിയെത്ര പകലുകൾ വീഴും?
ഇളംവെയിൽച്ചിറകടിച്ച്‌
എത്രയെണ്ണം പിറക്കും?

കാത്തുകാത്തിരുന്ന്
ക്ഷമകെട്ടൊടുവിൽ
താടിചൊറിഞ്ഞു കൊണ്ട്‌ ചോദിച്ചു;
"എന്നു വരും, വിപ്ലവം?"
എല്ലാവരും ചിരിച്ചു.
ചിരിച്ചു ചിരിച്ചു ചിരിച്ച്‌
അവരൊക്കെയും കോമാളികളായി
ചൊറിഞ്ഞു ചൊറിഞ്ഞു ചൊറിഞ്ഞ്‌
ഞാനൊരു ചൊറിയൻ പുഴുവും
അവരുടെ കൈയ്യിലും മുഖത്തും
അടിവസ്ത്രത്തിലും കയറി
ഉറക്കെ വിളിച്ചു, "പാപികളേ........"
ചൊറിഞ്ഞു കുഴഞ്ഞൊടുവിൽ
പിടിച്ചു നിലത്തിട്ടൊരുത്തൻ
ചെരിപ്പുകൊണ്ടടിച്ചു.
പച്ചരക്തം തുടച്ച്‌
കുരിശിലേക്കെടുത്തു
ചൂണ്ടുവിരൽ കൊണ്ട്‌
തട്ടിയെറിഞ്ഞപ്പൊ നൊന്തില്ല,
പച്ച ഈർക്കിൽ കൊണ്ട്‌
കുത്തിയപ്പൊ നൊന്തില്ല.
ഞാൻ ചിരിച്ചു.
ചിരിച്ചു ചിരിച്ചു ചിരിച്ച്‌
കോമാളിയായി.
പാപികളേ
ഇനി ഉയിർപ്പ്‌
മൂന്നാം നാൾ വിപ്ലവം.
ചവറുകൂനയിൽ
മൂന്നു നാൾ കിടന്നിട്ട്‌
ഒരു ക്യാമറക്കണ്ണും തുറന്നില്ല
ആരും ഒരുവാക്കും
ഉതിർത്തില്ല.
മൂന്നാം നാൾ ഉച്ചതിരിഞ്ഞ്‌
ഉയിർക്കാനിരുന്ന വിപ്ലവത്തെ
ഉറുമ്പെടുത്തു പോയി

8 comments:

  1. മൂന്നു നാൾ കിടന്നിട്ട്‌
    ഒരു ക്യാമറക്കണ്ണും തുറന്നില്ല
    ആരും ഒരുവാക്കും
    ഉതിർത്തില്ല.
    മൂന്നാം നാൾ ഉച്ചതിരിഞ്ഞ്‌
    ഉയിർക്കാനിരുന്ന വിപ്ലവത്തെ
    ഉറുമ്പെടുത്തു പോയി

    ReplyDelete
  2. അതെ വിപ്ലവങ്ങളൊക്കെ ഉറുമ്പെടുത്തുപോവുന്നു, ഊക്കന്‍ ഉറുമ്പ്‌....
    കേമമായി ഈ കവിത.

    ReplyDelete
  3. ചുരുക്കത്തില്‍ ഒരു വിപ്ലവത്തിനു വേണ്ടി
    വെറുതെ ചൊറിഞ്ഞാല്‍ പോരാ
    കാര്യമാത്ര പ്രസക്തമായി ഒരു ഹേതു ഉണ്ടാവണം..
    ഇല്ലങ്കില്‍ മൂന്നാംനാള്‍ ഉയര്‍പ്പ് അല്ല ഉറുമ്പേ വരൂ.
    നല്ല ചിന്ത.

    ReplyDelete
  4. കുറിക്കു കൊള്ളുന്ന അമ്പ്....

    ReplyDelete
  5. വിപ്ലവം ഉറുമ്പെടുത്ത് പോയതു നന്നായി.
    വിപ്ലവം എങ്ങാനും വന്നാൽ ശല്യമായിരിക്കും.
    സഖാക്കൾ നമ്മളെ കൊണ്ട് പണിയെടുപ്പിക്കും.
    സ്വകാര്യസ്വത്തു കണ്ട് കെട്ടും.
    അപ്പോ ഈ ഇന്റെർനെറ്റ് നിറയെ സെൻസർഷിപ് വരും.
    രാമനാമം ജപിച്ചാൽ ചാരന്മാർ റിപ്പോർട്ട് ചെയ്യും, കുർബാ‍നയുടെ സമയം നീണ്ടാലും.
    തിരഞ്ഞെടുപ്പുകളിലാതെ, രാഷ്ട്രീയം ചർച്ച ചെയ്യുന്ന ചായകടകളും ബാർബർഷാപ്പുകളും ഓർമ്മയാകും.

    അതുകൊണ്ട് വിപ്ലവത്തെ അരിച്ച ഉറുമ്പുകൾക്ക് ഉമ്മകൾ...

    ReplyDelete
  6. സത്യചന്ദ്രന്‍ പൊയില്‍കാവ്‌ ,
    മാണിക്യം ,
    Neena Sabarish ,
    ഹരി ശങ്കരന്‍ കര്‍ത്താവ്‌ ,
    പിന്നെ പ്രിയപ്പെട്ട അനോനിക്കും...
    നന്ദി..........................

    ReplyDelete
  7. ആ ഉറുംബുകലുടേത്‌ വിപ്ളവമായിക്കൂടെ...? പ്രതിവിപ്ളവം?... ഇന്ന് കാണുന്ന വിപ്ളവം അതാണു.... പിയെമ്മേ.. സൂപ്പര്‍..

    ReplyDelete
  8. viplavam chorichilano?
    urumbetuththupokavunna chorichil!!?

    ReplyDelete

തിരിച്ച്‌ എയ്‌ത അമ്പുകൾ