Thursday, January 8, 2009

നീ


ഒരു വേനലറുതിയിൽ
കാർമേഘങ്ങളുരുണ്ടുകൂടിയ രാത്രിയിൽ
കൊയ്‌ത്തു കഴിഞ്ഞ വയൽമധ്യത്തിലെ
പൊടിമൺ നടപ്പാതയിൽ
ഇടിവാളുകൾക്കിടയിൽ
നനഞ്ഞ മണ്ണിന്റെ, പുതുമഴയുടെ
ഗന്ധമാസ്വദിക്കാൻ
എന്നെ പ്രേരിപ്പിച്ച്‌
എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ
ഉറഞ്ഞുകൂടിയ
പുതുമഴത്തണുപ്പ്‌..............;നീ.
എന്റെ മൗനം
നിന്നോടു സം സാരിച്ചിട്ടും
പുഴപ്പരപ്പിൽ, നിന്നെക്കുറിച്ച്‌
കവിതകളെഴുതിയിട്ടും.......................
.....................................................................
എവിടെയായിരുന്നു, നീ
വാൽക്കണ്ണെഴുതി, കാപ്പുകെട്ടി
മനസിന്റെ കനലുകളിൽ
ചടുല നൃത്തം ചെയ്ത
ഭഗവതിത്തിറയുടെ
തീ പാറുന്ന രൗദ്രതയിൽ........?
പുതുനെല്ലിന്റെ മണത്തിൽ......,
വേനൽപ്പുഴയുടെ
വെള്ളിക്കൊലുസ്സിന്റെ ചിരിയിലോ..............

......................................................................

നഗ്നനാണ്‌ ഞാനിന്ന്
ചോരയും വിയർപ്പും
കൂടിയുറഞ്ഞ ദേഹത്ത്‌
ഒളിഞ്ഞിരിക്കുന്ന ആത്മാവിന്‌,
തുടയിൽ തുളഞ്ഞുകയറിയ
മുള്ളുകളേക്കാൾ നീറ്റലാണ്‌.
നികന്നു തീർന്ന വയലിലെ
തഴച്ചുവളർന്ന പാഴ്ച്ചെടിക്കാട്ടിൽ
ഇരുട്ടിന്റെ ഗർഭപാത്രത്തിൽ
ഞാൻ ഒളിച്ചിരിക്കുകയാണ്‌.
ഓരോ പകലുകളിലും
എന്റെ രണ്ടാം പിറവിയെ ഭയന്ന്.............

എവിടെയാണ്‌ നീയിന്ന് ?
ഭഗവതി കെട്ടി
ഉറച്ചിലടങ്ങും മുമ്പ്‌
വിശപ്പിന്റെ ഭിക്ഷാപാത്രവുമായി
നഗരത്തിലേക്കിറങ്ങുന്ന
ആട്ടക്കാരന്റെ കണ്ണിലോ.........?
കമ്പോളത്തിൽ വിലയിട്ടുവച്ച
പുഴുങ്ങലരിയുടെ മണത്തിലോ............?
ഇല്ലാത്ത പുഴയുടെ മൗനത്തിലോ..........
..............................................................................

വയൽക്കരയിലെ കൊടിമരത്തിൽ
പണ്ടു ഞാൻ ഉയരെക്കെട്ടിയ കൊടി
അഴിച്ചെടുക്കട്ടെ, ഇന്ന്...........................
എന്റെ നഗ്നത മറയ്കാൻ,
പ്രതീക്ഷകളിലേക്ക്‌ വീണ്ടും പിറക്കാൻ.







4 comments:

  1. വയൽക്കരയിലെ കൊടിമരത്തിൽ
    പണ്ടു ഞാൻ ഉയരെക്കെട്ടിയ കൊടി
    അഴിച്ചെടുക്കട്ടെ, ഇന്ന്...........................
    എന്റെ നഗ്നത മറയ്കാൻ,
    പ്രതീക്ഷകളിലേക്ക്‌ വീണ്ടും പിറക്കാൻ

    ReplyDelete
  2. അടുക്കള കവിതകള്‍ ഇഷ്ടപ്പെട്ടു.

    ReplyDelete
  3. അടുക്കളക്കവിതയുടെ കരുത്തില്ല!

    ReplyDelete
  4. എഴുതീതൊക്കെ വായിച്ചു..ഇഷ്ടപ്പെട്ടു..കവിതയായിട്ടല്ല..വരികള്‍ക്കുള്ളീലെ ആഴമേറിയ അര്‍ത്ഥങ്ങള്‍ മനസ്സിനെ തൊട്ടു..അഭിനന്ദനങ്ങള്‍..

    ReplyDelete

തിരിച്ച്‌ എയ്‌ത അമ്പുകൾ