Saturday, December 27, 2008

അടുക്കളക്കവിതകൾ


സതന്ത്രം

എന്റെ അടുക്കളയിലുണ്ടാക്കുന്ന
പരിപ്പുകറിക്‌യ്‌
എന്നും ഒരേ രുചിയാണ്‌
കൂവി വിളിച്ച്‌
പേറ്റുനോവറിയിക്കുന്ന കുക്കറിന്റെ
കുന്നിക്കുപിടിക്കുന്ന
കൈലേസുതുണിയുടെ
അതേ മണമാണ്‌.
എന്നാൽ, അപ്പുറത്ത്‌
ഓലമേഞ്ഞ ചായ്പിലെ
അടുക്കളയിലെ പരിപ്പുകറിക്‌യ്‌
എന്നും ഓരോ രുചിയാണ്‌!
ഇന്നലെ,
പരിപ്പ്‌ ആവശ്യത്തിനുണ്ട്‌
മുളക്‌ കുറവ്‌.
ഇന്ന്,
മുളകും മസാലയുമുണ്ട്‌
പരിപ്പ്‌ കുറവാണ്‌.
നാളേയ്‌കുള്ള മുളക്‌ തീർന്നു,
കുരുമുളക്‌ പൊടിച്ചു ചേർക്കേണ്ടിവരും......................
..................................................
അവിടെയെന്നും, രസമുകുളങ്ങളിൽ
ഇല്ലായ്മയുടെ, ജീവിതത്തിന്റെ
രുചി വൈവിധ്യങ്ങളാണ്‌.
എന്റെ നാവിലെന്നും
പരിപ്പുകറി ആവർത്തിക്കപ്പെടുന്ന
ജീവിത വരസതയും....................

അലാറം ടോൺ

അമ്മ
ദോശ ചുടുന്ന ശബ്ദം
റെക്കോർഡു ചെയ്‌ത്‌
ഞാൻ അലാറം ടോണാക്കി.........
നല്ല പ്രതീക്ഷകളുടെ ദിവസങ്ങളിലേക്ക്‌
അതിനിയെന്നെ
സംഗീതാത്മകമായി വിളിച്ചുണർത്തും.
ഇനി അടുത്ത തവണ
താരാട്ട്‌,
നെറ്റിയിൽ തരാറുള്ള
സ്നേഹ ചുംബനം...............................

വിശപ്പ്‌

തെരുവോരത്തെ നാടോടിയുടെ
കല്ലടുപ്പിൽ വച്ച കഞ്ഞിക്കലം
ദിവസം മുഴുവൻ
അവിടെത്തന്നെ കാണും.
അടുപ്പിൽ
വിറകും ചാരവും കനലുകളും...
ഒരിക്കൽ ,
തീയിൽ നോവുന്ന കലത്തിലേക്ക്‌
ഒന്നെത്തിനോക്കിയപ്പോൾ കണ്ടത്‌
വലിയൊരു ദ്വാരമായിരുന്നു ! !!