Saturday, October 11, 2008

ബന്ധനം

എപ്പൊഴും
ചീറിപ്പാഞ്ഞുവരുന്ന അമ്പിന്‌
ജാഗരൂകമായിരിക്കണമെന്നുപദേശിച്ച
തള്ളക്കിളി,
എന്തുകൊണ്ട്‌ നമുക്കൊരായുധം
കരുതിക്കൂടാ.... എന്ന മറുചോദ്യത്തിൽ
മൗനിയായിരിക്കെ
കുഞ്ഞിക്കിളി
ചെറു ചിറകുകൾ വിടർത്തി
വിശാലമായ നീലാകാശത്തിന്റെ
അനന്തത്തയിലൂടെ
ചോരമണക്കുന്ന ചരിത്രത്തിലേക്ക്‌
പറന്നു പോയി
* * *
എങ്ങനെ എതിരാളിക്കുമേൽ
ചാടിവീഴണമെന്നു പഠിപ്പിക്കവെ
എന്തുകൊണ്ട്‌ നമുക്കവരെ നോക്കി
പുഞ്ചിരിച്ചുകൂടാ......എന്നു ചോദിച്ച
കുഞ്ഞുസിംഹം
അമ്മയുടെ വന്യമായ
മുരൾച്ചകൾ താണ്ടി
കാടിന്റെ കാടത്തത്തിനു നടുവിലൂടെ
പുഞ്ചിരിക്കുന്ന ചരിത്രത്തിലേക്ക്‌
നടന്നു നീങ്ങി
* * *
ഇപ്പൊഴും ഞാൻ
വൈരുദ്ധ്യങ്ങളുടെ
പഞ്ചതന്ത്രം കഥകളിൽ കുരുങ്ങി
എങ്ങനെ രക്ഷപ്പെടണമെന്നറിയാതെ
ബന്ധനത്തിന്റെ...................ചങ്ങലയുടെ.........
കാഠിന്യത്തെ
വെറുതെ..................
നക്കിത്തുടച്ചുകൊണ്ടിരിക്കുകയാണ്‌

4 comments:

  1. എപ്പൊഴും
    ചീറിപ്പാഞ്ഞുവരുന്ന അമ്പിന്‌..........

    ReplyDelete
  2. ഉഗ്രന്‍
    ശരിക്കുമുള്ള അവസ്ഥ തന്നെ
    നിര്‍ഭാഗ്യമെന്നു പറയട്ടെ വാക്കിലെങ്കിലും ഉശിരു കാണിക്കുന്ന തള്ളമാരും ഇന്നു തീരെ കുറവാ...
    അല്ലെ

    ReplyDelete
  3. നല്ല കവിതകള്‍..

    പരിചയപ്പെടുത്തിയതിനു രന്‍ജിത്തിനു നന്ദി..

    ReplyDelete
  4. നന്നായിരിക്കുന്നു ... എന്റെ ആശംസകള്‍ .... നന്മ വരട്ടെ എന്നും....!!!!

    ReplyDelete

തിരിച്ച്‌ എയ്‌ത അമ്പുകൾ