Friday, February 20, 2015

സംഘടിത പാഠങ്ങൾ

കുട്ടികളേ..
ഓ..
പാഠം ഒന്ന്. പാമ്പ്
ചിറകുമുളയ്കാത്ത ഒരു കിളിയാണ്‌
പാമ്പ്
എന്താണ്‌?
കിളിയാണ്‌ പാമ്പ്
അതെ
കാലില്ലാത്തതുകൊണ്ടാണത്
ഇഴഞ്ഞുപോകുന്നത്.
ചിറകില്ലാത്ത കാലില്ലാത്ത കിളി
ഇഴഞ്ഞുപോകില്ലെ...
അതുതന്നെ.
പാഠം രണ്ട്. കിളി.
ചിറകുമുളച്ച
ഒരു പാമ്പാണ്‌ കിളി.
എന്താണ്‌?
പാമ്പാണ്‌ കിളി.
അതെ.
കാലും കൊക്കുമുള്ളതുകൊണ്ടാണ്‌
അത് ഇടയ്കിടെ
തത്തിത്തത്തി നടന്ന്
കൊത്തിപ്പെറുക്കുന്നത്.
ചിറകുണ്ടായിരുന്നെങ്കിൽ പാമ്പ്
പറന്നു പോകില്ലെ..
അതുതന്നെ.
അപ്പൊ മീനോ?
(കണ്ണുരുട്ടിക്കൊണ്ട്)
പാഠം മൂന്ന്.സാത്താൻ
ഉത്തരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നവൻ
സാത്താനാകുന്നു.
ചോദ്യങ്ങളില്ലാതെ ഉത്തരങ്ങൾ നല്കുന്നവൻ
ദൈവവും.
അപ്പൊ മനുഷ്യനോ?
(ജയം ഉറപ്പിച്ചവന്റെ ക്ഷമയോടെ)
ശരിയുത്തരം പറഞ്ഞാലും
തെറ്റുത്തരം പറഞ്ഞാലും
ഒരിക്കലും
സത്യം പറയാത്തവൻ.
മനസിലായില്ലേ?
ഇല്ല.
നിന്നെ ഉണ്ടാക്കിയത് ആരാ?
അച്ഛനുമമ്മേം.
അവരെ ഉണ്ടാക്കിയതോ?
അപ്പൂപ്പനും അമ്മൂമ്മേം
അവരുടെ അങ്ങേയറ്റത്തെ
അപ്പൂപ്പനേം അമ്മൂമ്മേം ഉണ്ടാക്കിയതോ
(അഞ്ചുനിമിഷം നീണ്ട നിശബ്ദ്ത)
ദൈവം തമ്പ്‌രാൻ..
അപ്പോ ശെരിക്കും നിന്നെ ഉണ്ടാക്കിയതാരാ?
ദൈവം തമ്പ്‌രാൻ..
അത്രതന്നെ.നീ മനുഷ്യൻ.
മണിമുഴങ്ങുന്നു
കൂറേ മനുഷ്യക്കുഞ്ഞുങ്ങൾ മുറ്റത്ത്
തൊട്ടുകളിക്കാനോടുന്നു.
ഒരു ചെകുത്താൻ കുഞ്ഞ്
അരളിച്ചോട്ടിൽ മീനുകളെ സ്വപ്നം കാണുന്നു
ദൈവം വിശ്രമ മുറിയിലിരുന്ന്
അവനെ തുറിച്ച് നോക്കുന്നു

Tuesday, January 27, 2015

പെയ്യാതെ പോയ മഴ

മരിച്ചുപോയ കുഞ്ഞുങ്ങൾക്ക്‌
സ്വർഗ്ഗത്തിൽ
പള്ളിക്കൂടത്തിലേക്ക്‌ കൂട്ടുപോകുന്നതാവണം
പെയ്യാനിരിക്കെ 
പെട്ടെന്നു കാണാതാവുന്ന
ചില മഴകൾ
അവരുടെ പുള്ളിക്കുടക ളെ
അകം പുറം മറിക്കാനും
പൂക്കൾ തുന്നിയ കുഞ്ഞുടുപ്പുക ളെ
നനയ്കാനും പോയതാവണം
ഒപ്പം കറങ്ങി നടന്നിരുന്ന
നനുത്ത കാറ്റ്‌
എവിടെ പോയ്‌ പെയ്യാനിരുന്ന മഴ യെന്ന്
നാം അത്ഭുത പ്പെടുമ്പോൾ
ആർദ്ദ്രമായ ചില നഷ്ടങ്ങളെ
അവർ ഓർമ്മപ്പെടുത്തുകയാവണം
അങ്ങനെ മരുഭൂമികളായിതീർന്ന
എത്ര ഇടങ്ങളുണ്ടെന്നോ
ഭൂമിയിൽ 

Sunday, October 20, 2013

മാന്ദ്യകാലത്തെ പ്രണയം

നാണം

നാണം മറയ്കാൻ എനിക്കന്ന്
ഒരു കീറിയ കോണകം മാത്രമാണുണ്ടായിരുന്നത്
ഒടുവിൽ,
അതുകൊണ്ട് മുഖം മറച്ചിട്ട് ഞാൻ
തെരുവിലൂടെ നടന്നുപോയി

മാനം

മാനം മീതെ
ഭൂമി താഴെ
ഏറെ വിശന്നപ്പോൾ പിന്നെ
ഭൂമി മീതെ
മാനം താഴെ

കാമം

വിശപ്പിനെ മാത്രം സ്മരിച്ചുകൊണ്ട്
അപരനു കിടന്നുകൊടുത്ത വേശ്യ
രസമുകുളങ്ങളിലെ രുചിമൂർച്ഛകളിലേക്കുയർത്തപ്പെട്ടു
അവളെ ചുംബിച്ചുണർത്തി
വസ്ത്രങ്ങൾ ധരിച്ച്,അവസാനം
പോക്കറ്റിലൊന്നുമില്ലാതെ നിന്നവനെ
ചെരുപ്പൂരിയടിച്ചപ്പോൾ തെറിച്ചുവീണ
ഒരു പല്ല് ഉറുമ്പെടുക്കുമ്പൊളാണ്‌
ഞാനങ്ങോട്ട് കയറിച്ചെല്ലുന്നത്
അവളുടെ കണ്ണുകളിൽ
നിറഞ്ഞു തുളുമ്പിയ വിശപ്പിനെ
ഞങ്ങൽ പങ്കിട്ടെടുത്തു.
പിന്നെ,
ഒരു പല്ലുകൂടി ഉറുമ്പെടുത്തു.

പ്രണയം

എന്നെ തിരസ്കരിച്ച
ഭക്ഷണശാലയുടെ അകത്താണ്‌
ഞാനവളെ ആദ്യമായി കാണുന്നത്
പിങ്ക് നിറത്തിൽ നിറയെ
വരകളും പൂക്കളുമുള്ള ഒരു കേക്ക്
അവൾ പാതി കടിച്ചിരുന്നു.
തേൻപോലെ ചുവന്നതെന്തോ
ഹൃദയത്തിൽ നിന്നെന്നപോലെ
ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
സത്യം,
കേക്കിനെയല്ലാതെ അവളെ
ഒന്നു നോക്കുവാൻ പോലും കഴിയുമായിരുന്നില്ല.